പൈപ്പ് പൊട്ടിയിട്ട് ഒരുമാസം പിന്നിട്ടു; നഷ്ടമാകുന്നത് ലക്ഷകണക്കിന് ലിറ്റർ കുടി വെള്ളം .
പിറവം : കനത്ത വേനലിൽ നാട്ടിലെങ്ങും ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കെ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റർ ജലം ദിവസവും പാഴാകുന്നതായി പരാതി. കക്കാട് ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നും പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലേക്ക് വെള്ളം കൊണ്ടുപോകുന്ന 600 എം.എം വ്യാസമുള്ള കാസ്റ്റയിൻ പൈപ്പ് ആണ് ഓണക്കൂർ കരയോഗ പടിയ്ക്ക് സമീപം പൊട്ടിയത്. കഴിഞ്ഞ ഒരു മാസമായി പൈപ്പ് പൊട്ടി റോഡിലൂടെയും കാനയിലൂടെയും ഒഴുകുന്ന വെള്ളം സമീപത്തെ പറമ്പുകളിലേക്കും വ്യാപിച്ചതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും അറ്റകുറ്റപ്പണി നടത്തുവാൻ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. വേനൽ കടുത്തതോടെ ഗാർഹിക ഉപയോഗം വർദ്ധിച്ചതിനാൽ മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താത്ത സാഹചര്യമാണ് നിലവിൽ. ഈ സാഹചര്യത്തിലും അമിത അളവിലുള്ള ജല നഷ്ടം തടയുവാൻ നടപടി സ്വീകരിക്കാത്തത് ജനദ്രോഹ നടപടിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.