കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.റ്റി.യു.സി ) സംസ്ഥാന നേതാക്കൾ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു
കൊച്ചി /കോലഞ്ചേരി:വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരിക്കുവാനുള്ള നയം തിരുത്തണമെന്നും എ.ഡി. ബി വായ്പ സ്വീകരിച്ച് കൊച്ചി കോർപ്പറേഷനിലെ കുടിവെള്ള വിതരണ ചുമതല സ്വകാര്യ കമ്പനിക്ക് നൽകുന്ന പദ്ധതി നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.റ്റി.യു സി ) സംസ്ഥാന നേതാക്കൾ മദ്ധ്യ മേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു.
ഏപ്രിൽ 1 ന് 11 മണിക്ക് ആരംഭിച്ച ഉപവാസം ഏപ്രിൽ രണ്ടാം തിയതി 11മണിയ്ക്ക് സമാപിക്കും.
വാട്ടർ അതോറിറ്റി ജലവിതരണം നടത്തുന്ന കൊച്ചി കോർപ്പറേഷൻ മേഖലയിലെ വാട്ടർ അതോറിറ്റിയുടെ മുഴുവൻ ആസ്തി വസതുവകകളും സ്വകാര്യ കമ്പനിയ്ക്ക് 10 വർഷത്തേയ്ക്ക് കൈമാറിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി എ.ഡി.ബിയിൽ നിന്നും 2511 കോടി രൂപയാണ് സർക്കാർ കടമെടുക്കുന്നത്. സ്വകാര്യ കമ്പനി നിയോഗിക്കുന്ന 223 കരാർ ജീവനക്കാരായിരിക്കും പദ്ധതി നടപ്പിലായാൽ കുടിവെള്ള വിതരണത്തിൻ്റെ ചുമതല നിർവ്വഹിക്കുക.
എ ഡി ബി നിയോഗിച്ച സ്വകാര്യ കൺസൾട്ടൻ്റാണ് പദ്ധതിയുടെ ഡി.പി.ആറും എസ്റ്റിമേറ്റും തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ കൊച്ചി കോർപ്പറേഷനിൽ നടപ്പാക്കുന്ന 1252.40 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ഭൂരിഭാഗം ഇനങ്ങൾക്കും ഉദ്ദേശതുകയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൻ്റെ സാങ്കേതിക പരിശോധന പോലും നടത്താതെയാണ് വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചത്. ടെണ്ടറിൽ 25.2 % അധികം തുക ക്വോട്ട് ചെയ്ത സാഹചര്യത്തിൽ ടെണ്ടർ റദ്ദാക്കി റീ ടെണ്ടർ ചെയ്യണം എന്ന വ്യവസ്ഥ പാലിക്കാതെ സ്വകാര്യ കമ്പനിയെ സഹായിക്കാനായി അനുമതിക്കായി ഗവൺമെൻ്റിലേയ്ക്ക് ശിപാർശ ചെയ്തിരിക്കുകയാണ്.
ആലുവയിലെ നിർദ്ധിഷ്ട 190 എം.എൽ.ഡി പ്ലാൻ്റിൻ്റെ പണി പൂർത്തിയാക്കിയാൽ കൊച്ചിയിൽ ആവശ്യത്തിന് ശുദ്ധജലം വിതരണം ചെയ്യാൻ വാട്ടർ അതോറിറ്റിയ്ക്ക് സാധിക്കും. പകരം വൻ തുക വായ്പ വാങ്ങി അതോറിറ്റിയെ സ്വകാര്യവൽക്കരിക്കുന്നത് വൻതോതിൽ വാട്ടർ ചാർജ്ജ് വർദ്ധനവിന് കാരണമാകും . പദ്ധതിയുമായി മുന്നോട്ട് പോയാൽ പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി ശക്തമായി സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘടന നേതാക്കൾ പറഞ്ഞു.
സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ശ്രീ ബി രാഗേഷ് അദ്ധ്യക്ഷത വഹിച്ച ഉപവാസ സമരം ഐ.എൻ.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വി.ജെ. ജോസഫ് ഉത്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ പി. ബിജു മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ നേതാക്കളായ വിനോദ് എരവിൽ, ജോർജജ് എ.വി. സുബേഷ് കുമാർ, റജിത്ത് ചന്ദ്രൻ, നന്ദകുമാർ, ബി സന്ധ്യ,ഷൈജു റ്റി.എസ്., മെറിൻ ജോൺ, വിനോദ് വി , ചിത്രാ വെങ്കിടേഷ്, അഭിലാഷ് എസ്, ജോമോൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.
