പറവകൾക്ക് ദാഹജലമൊരുക്കി കുട്ടിപോലീസ്
രാമമംഗലം: വർഷങ്ങളായി തുടരുന്ന പതിവ് തെറ്റിക്കാതെ പറവകൾക്ക് ദാഹജലമൊരുക്കി രാമമംഗലം ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ. വേനൽ കടുത്തതോടെ ദാഹജലത്തിനായി അലയുന്ന പക്ഷികൾക്കും മറ്റു ചെറുജീവികൾക്കുമായി കേഡറ്റുകൾ തങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ച് മരങ്ങളിലും, ഉയർന്ന പ്രദേശങ്ങളിലും ഒക്കെ പാത്രങ്ങളിൽ വെള്ളം നിറച്ചു വയ്ക്കും.
കുളിക്കുന്നതിനും കിളികൾ ഇത് ഉപയോഗിക്കുന്നത് കൗതുക കാഴ്ചയാണെന്ന് കേഡറ്റുകൾ പറഞ്ഞു. ഓരോ ദിവസവും കിളികളുടെ എണ്ണം കൂടിവരുന്നതായും, അണ്ണാറക്കണ്ണനും ദാഹമകറ്റുവാനെത്തുന്നതായി കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അനൂപ് ജോൺ, സ്‌മിനൂ ചാക്കോ, ഡ്രിൽ ഇൻസ്ട്രക്ടർ സുരേഷ് ചന്ദ്രൻ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.