മഹാശിവരാത്രി: തൃപ്പാഴൂരിൽ വൻ ഭക്തജന തിരക്ക്
പിറവം: തൃപ്പാഴൂരിൽ മഹാശിവരാത്രി ഭക്തി നിർഭരമായ ചടങ്ങുകളോടെ കൊണ്ടാടി. നേരം പുലർന്നതോടെ തന്നെ ഭക്തർ പാഴൂരിലേക്ക് എത്തിത്തുടങ്ങിയിരുന്നു.
ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് ശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ പെരും തൃക്കോവിലപ്പനെ ശിവേലിക്കായി എഴുന്നള്ളിച്ചു.
മധുരപ്പുറം കണ്ണൻ പെരുംതൃക്കോവിലപ്പന്റെയും പനയനാർക്കാവ് കാളിദാസൻ
ശാസ്താവിന്റെയും ചെമ്പുകാവ് കാളിദാസൻ കൃഷ്ണന്റെയും തിടമ്പേറ്റി.
തുടർന്ന് തൃശൂർ പൂരപ്രമാണി വീരശൃംഖല ജേതാവ് വാദ്യകലാരത്നം ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രമാണത്തിൽ നൂറിൽപരം കലാകാരൻന്മാർ പങ്കെടുത്ത മേജർസെറ്റ് പഞ്ചാരിമേളം വാദ്യകലാപ്രേമികൾക്ക് ആഹ്ളദമായി.
ഉച്ചക്ക് മാമ്മലക്കവല നിരപ്പേൽ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് അഭിഷേകക്കാവടികൾ ഘോഷയാത്രയായി പെരുംതൃക്കോവിലിലെത്തി. തുടർന്ന് ദർശന പ്രധാനമായ ഉച്ചപ്പൂജയും ആയിരങ്ങൾ പങ്കെടുത്ത മഹാപ്രസാദ ഊട്ടും നടന്നു.
വൈകിട്ട് നടന്ന കാഴ്ചശീവേലിക്ക് കാഞ്ചികാമകോടിപീഠം ആസ്ഥാനവിദ്വാൻ വൈക്കം ഷാജിയുടെ പ്രമാണത്തിൽ നാദസ്വരം അകമ്പടിയായി.
രാത്രി മതിൽക്കകത്ത് പാഴൂർ പടിപ്പുര ശ്യാ൦കിഷോറിന്റെ സംഗീത കച്ചേരി, മണൽപ്പുറത്ത് നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളി എന്നിവ അരങ്ങേറി.
തുടർന്ന് രാത്രി പെരുംതൃക്കോവിലപ്പനെ ഉപദേവന്മാർക്കൊപ്പം ശിവരാത്രി വിളക്കിനായി മണപ്പുറത്തേക്ക് വിളക്കിനെഴുന്നള്ളിപ്പ് നടന്നു.
വിളക്കിനെഴുന്നള്ളിപ്പിന് വാദ്യകലാപ്രതിഭ പാഴൂർ ഉണ്ണിചന്ദ്രന്റെ പ്രമാണത്തിൽ പാണ്ടിമേളം അകമ്പടിയായി.
കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ്, പഞ്ചാരിമേളം എന്നിവയോടെ വിളക്കാചാരങ്ങൾ പൂർത്തിയാക്കി ഭഗവാൻന്മാർ ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നുള്ളിയ സമയത്ത് മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി പിതൃമോക്ഷം നേടി. മേൽശാന്തി മനോജ് നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു.