കിരാതമംഗലം ശിവക്ഷേത്രത്തിൽ സംഗീത സന്ധ്യ നടത്തി.
പിറവം : ഓണക്കൂർ പെരിയപ്പുറം കിരാതമംഗലം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത സന്ധ്യ ഭക്തർക്ക് പുതിയ അനുഭവമായി. സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.എൻ. പ്രഭാവതിയുടെ നേതൃത്വത്തിലായിരുന്നു സംഗീത സന്ധ്യ അരങ്ങേറിയത്. ഹംസധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘ഗണേശ പഞ്ചരത്നം’ എന്ന ഗാനത്തോടെയായിരുന്നു സംഗീത സന്ധ്യ ആരംഭിച്ചത്. ത്യാഗരാജ സ്വാമികളുടെയും, മുത്തുസ്വാമി ദീക്ഷിതരുടെയും കൃതികൾ ആസ്വാദകരെ തേടിയെത്തി. സംഗീതസന്ധ്യയിൽ പങ്കെടുത്തുവരെ ക്ഷേത്രഭരണ സമിതിക്കുവേണ്ടി കാവുങ്കൽ മനയിലെ ത്രിവിക്രമൻ നമ്പൂതിരി ഉപഹാരങ്ങൾ നൽകി ആദരിച്ചു.