മിഷേലിന്റെ ദുരൂഹ മരണം : സിബിഐ അന്വേഷണമാവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകി * മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന് ക്രൈം ബ്രാഞ്ച് ദുരൂഹതയ്ക്ക് ഏഴുവർഷം
പിറവം (മുളക്കുളം): 2017 മാർച്ച് അഞ്ചിന് വൈകീട്ട് എറണാകുളം കച്ചേരിപ്പടിയിലുള്ള സെയ്ന്റ് തെരേസാസ് ഹോസ്റ്റലിൽനിന്ന് കലൂർ സെയ്ന്റ് ആന്റണീസ് പള്ളിയിലേക്കു പോയ മിഷേൽ 6.15-ന് പള്ളിയിൽ നിന്നു തിരിച്ചിറങ്ങിയെന്നും രാത്രി 8-ന് എറണാകുളത്തിനും വൈപ്പിനുമിടയിലുള്ള രണ്ടാമത്തെ ഗോശ്രീ പാലത്തിൽനിന്നു കായലിൽ ചാടി ആത്മഹത്യ ചെയ്തുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
മുളക്കുളം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും ഷൈലമ്മയുടെയും മകളാണ് മിഷേല്‍. മിഷേലിന്റെ മൂക്കിനിരുവശത്തും കണ്ട പാടുകളും കൈത്തണ്ടയിൽ കണ്ട കരിനീലിച്ച പാടുകളും ചുണ്ടിലെ മുറിപ്പാടും എങ്ങനെയുണ്ടായെന്ന് അന്വേഷണ സംഘത്തിന് വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ എന്തൊക്കെയോ മറച്ചുവയ്ക്കുന്നുണ്ടെന്നും ഷാജി പറയുന്നു. സത്യം പുറത്തു കൊണ്ടുവരുന്നതിന് സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഷാജിയും കുടുംബവും പ്രധാനമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും ബിജെപി സംസ്ഥാന സമിതി അംഗം എം. ആശിഷിനുമൊപ്പമാണ് ഇവർ പരാതി നൽകിയത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പുരോഗമനം ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. എന്നാൽ മിഷേലിന്റെ മരണം കൊലപാതകം തന്നെയാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഷാജിയും കുടുംബവും.
മകളെ കാണാതായ ദിവസം പരാതിയുമായി പോലീസ് സ്റ്റേഷനെ സമീപിച്ചപ്പോള്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അപ്പോള്‍ അന്വേഷിച്ചിരുന്നെങ്കിൽ മകളെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഷാജി പറഞ്ഞു.
തങ്ങൾക്ക് നീതി ലഭിക്കാനുള്ള അവസാനശ്രമമാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മിഷേലിന്റെ കുടുംബം.