Back To Top

January 29, 2024

അറ്റകുറ്റ പണികൾ നടത്തുന്നില്ല – പാഴുർ തൂക്കുപാലം അപകടാവസ്ഥയിൽ

 

പിറവം: നഗരസഭയിൽ പാഴൂർ-കക്കാട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാഴൂർ തൂക്കുപാലം അപകട ഭീഷണി ഉയർത്തുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തതു മൂലം പാലം പൂർണമായി തുരുമ്പെടുത്തയവസ്ഥയാണ്.

കക്കാട് ഭാഗത്തു നിന്നുള്ളവർക്ക് പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം, പിറവം ടൗൺ, എറണാകുളം ഭാഗത്തേക്കും മറ്റും പോകാനുള്ള പ്രധാന വീഥിയാണിത്. നൂറിലധികം കുടുംബങ്ങളാണ് തൂക്കുപാലത്തെ ആശ്രയിക്കുന്നത്. ഇതല്ലെങ്കിൽ പാഴൂർ വഴി കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം പിറവത്ത് എത്തിച്ചേരാൻ. ദിവസവും നിരവധി സ്കൂൾ കുട്ടികളാണ് ഇതുവഴി കടന്നു പോകുന്നത്.

പാഴൂർ പെരുംതൃക്കോവിൽ മഹാ ദേവ ക്ഷേത്രത്തിന് സമീപം മുവാറ്റുപുഴയാറിന് കുറുകെ 150 മീറ്റർ നീളത്തിൽ 2.15 കോടി രൂപ മുടക്കിയാണ് 2013 – ൽ തൂക്കു പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. 11 വർഷം പിന്നിട്ട പാലത്തിന് യാതൊരു വിധ അറ്റകുറ്റപ്പണികളും ഇതുവരെ നടത്തിയിട്ടില്ല

പൊതുമേഖലാ സ്ഥാപനമായ കേരള ഇലട്രിക്കൽസ് ലിമിറ്റഡ് (കെൽ) ആണ് നിർമിച്ചത്. മൂന്നു വർഷമായിരുന്നു ഗാരണ്ടി. പൂർണമായും ഇരുമ്പിൽ നിർമിച്ചിരിക്കുന്ന പാലം, ഓരോ രണ്ടു വർഷം കൂടുമ്പോഴും തുരുമ്പ് നീക്കം ചെയ്ത് പെയിൻ്റ് അടിക്കേണ്ടതാണ്. എന്നാൽ ഇതുവരെ ഇങ്ങനെയൊരു നീക്കം ഉണ്ടായില്ല. ഇതുമൂലം പാലത്തിൻ്റെ തൂക്കുകമ്പികൾ, ക്രോസ് ബാറുകൾ, ചെക്വാർഡ് ഷീറ്റുകൾ, കൈവരികൾ തുടങ്ങിയവ തുരുമ്പിച്ചു കഴിഞ്ഞു. പാലത്തിൻ്റെ തറയിലെ ഷീറ്റുകൾ പലയിടത്തും വിട്ടാണിരിക്കുന്നത്. ദുരന്ത നിവാരണ വകുപ്പിൽ നിന്നുമാണ് തൂക്കു പാലത്തിന് തുക അനുവദിച്ചത്. കളമ്പൂർ തൂക്കു പാലം രണ്ടാമത് പുനർനിർമിച്ചതിനാൽ വലിയ ക്ഷതങ്ങളൊന്നും സംഭവിച്ചിട്ടില്ല.നേരത്തെ അനുപ് ജേക്കബ് എംഎൽഎ ഇടപെട്ട് റവന്യു ഡിവിഷണൽ ഓഫീസറോട് കളക്ടർ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടതാണെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല

 

Prev Post

റിട്ട. ഗവണ്മെന്റ് സ്കൂൾ ഹെഡ്മിസ്ട്രെസ് ചെത്തിക്കോട് വഴക്കാലായിൽ അന്നമ്മ ജോർജ് (89) അന്തരിച്ചു

Next Post

പഞ്ചായത്തിൽ ലീഡിങ് ചാനൽ നിർമ്മാണോദ്ഘാടനം നടത്തി.

post-bars