പിറവം സെന്റ് മേരീസ് കോൺഗ്രിഗേഷനിൽ ദനഹാ പെരുന്നാൾ
പിറവം : രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിലെ ആറ് ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധ ദനഹാ പെരുന്നാളിന് ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പൊലിത്ത കൊടിയേറ്റി. സെന്റ് മേരീസ് കോൺഗ്രിഗേഷനിൽ കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. വർഗീസ് പനിച്ചയിൽ, ഫാ. റോഷൻ തച്ചേത്ത്, ഫാ. ബേസിൽ പാറേക്കാട്ട്, ഫാ. എൽദോസ് കുറ്റിവേലിൽ, ഫാ. ജോബിൻസ് ഇലഞ്ഞിമറ്റം, ഫാ. എൽദോസ് മണപ്പാട്ട്, ഭാരവാഹികളായ ബേബി ആലുങ്കൽ, ബേബി കിഴക്കേക്കര, ജോർജ് ഈനാകുളം, വി.വി.ജോൺ വെള്ളൂക്കാട്ടിൽ എന്നിവർ സംബന്ധിച്ചു. 3,4, 5 ദിവസങ്ങളിൽ രാവിലെ 7 ന് വിശുദ്ധ കുർബാനയും വൈകിട്ട് 6 ന് സന്ധ്യ പ്രാർത്ഥനയും നടക്കും. 5 ന് രാവിലെ 8.30 ന് പേപ്പതി ചാപ്പലിൽ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകിട്ട് 5 ന് ചരിത്ര പ്രസിദ്ധമായ ദനഹാ പെരുന്നാൾ പ്രദക്ഷിണം പേപ്പതി ചാപ്പലിൽ നിന്നാരംഭിക്കും. പ്രധാന പെരുന്നാൾ ദിവസമായ 6 ന് വി.ദനഹാ ശുശ്രൂഷയ്ക്കും മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്കും ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പൊലിത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണം, നേർച്ച സദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.