ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു
പിറവം: ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേർ വീട്ടമ്മയുടെ രണ്ട് പവന്റെ മാല കവർന്നു. പിറവം പാലച്ചുവട് കല്ലുവെട്ടാംമട പെരിങ്ങാമലയിൽ ചിന്നമ്മ (72)യുടെ മാലയാണ് കവർന്നത്. പാലച്ചുവട് പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്കിൽ പോയി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ പാലച്ചുവട് കല്ലുവെട്ടാംമട റോഡിൽ നിന്ന് നൂറ് മീറ്ററോളം മാറി വീടിനടുത്തെത്തിയപ്പോഴാണ് സംഭവം. അടുത്ത് വന്ന് ബൈക്ക് നിറുത്തിയ സംഘം അവിടത്തുകാരനായ ഓരാളുടെ വീട് ഏതാണെന്ന് ചോദിച്ചു. വീട്ടമ്മ വീട് പറഞ്ഞു കൊടുക്കുന്നതിനിടയിൽ പിന്നിലിരുന്നയാൾ മാല പൊട്ടിക്കുകയായിരുന്നു.
പിറവം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.