അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് അന്തരിച്ചു.
കൂത്താട്ടുകുളം : അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് അന്തരിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തില്‍ വീട്ടില്‍ പോള്‍ കുര്യന്റെ ഭാര്യ ജെസി പോള്‍ (33) ആണ് അന്തരിച്ചത്.കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴായിരുന്നു അന്ത്യം.
കെറി കൗണ്ടിയിലെ ട്രലിയില്‍ ഒരു കെയര്‍ഹോമില്‍ നിന്നും കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജെസി പോള്‍ വിട പറഞ്ഞത്. ഏഴ് വയസുകാരിയായ ഇവ അന്ന പോളാണ് ഏക മകള്‍.
ട്രലിയിലെ ഔര്‍ ലേഡി ഓഫ് ഫാത്തിമ കെയര്‍ഹോമില്‍ രണ്ട് വര്‍ഷം മുന്‍പാണ് നഴ്സായി ജോലി ലഭിച്ച് ജെസി അയര്‍ലന്‍ഡില്‍ എത്തുന്നത്. തുടര്‍ന്ന് കുടുംബസമേതം താമസം തുടങ്ങിയ ജെസിക്ക് രണ്ട് മാസം മുന്‍പാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലി ലഭിക്കുന്നത്.
രാമമംഗലം ഏഴാക്കര്‍ണ്ണാട് ചെറ്റേത്ത് വീട്ടില്‍ പരേതനായ സി. സി. ജോയി, ലിസി ജോയി എന്നിവരാണ് മാതാപിതാക്കള്‍. ജോസി ജോയി ഏക സഹോദരനും. നാട്ടില്‍ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗങ്ങള്‍ ആണ്. മൃതദേഹം നാട്ടില്‍ സംസ്കരിക്കുവാനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്.