പാലക്കുഴയിലെ തീപിടിത്തത്തില്‍ ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി പ്രാഥമിക വിലയിരുത്തല്‍.
കൂത്താട്ടുകുളം: പാലക്കുഴയിലെ തീപിടിത്തത്തില്‍ ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി പ്രാഥമിക വിലയിരുത്തല്‍.കൂത്താട്ടുകുളത്ത് പ്രവര്‍ത്തിച്ചുവന്ന നെറ്റ് ലിങ്ക് കമ്ബനിയുടെ പാലക്കുഴയിലെ ഗോഡൗണില്‍ മൂന്നിന് രാത്രി 8.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തകരഷീറ്റുകൊണ്ട് നിര്‍മിച്ച രണ്ടായിരം സ്ക്വയര്‍ ഫീറ്റോളം വരുന്ന സംഭരണശാലയിലാണ് തീപടര്‍ന്നത്.
ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതകളാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍. അയല്‍വാസികളും വഴിയാത്രക്കാരുമാണ് ആദ്യം തീപിടിത്തം കണ്ടത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൂത്താട്ടുകുളം, തൊടുപുഴ, പിറവം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റെത്തിയാണ് തീയണച്ചത് ഇന്‍റര്‍നെറ്റ് കേബിളുകള്‍, ഇവ ഉറപ്പിക്കുന്നതിനുള്ള പ്രത്യേക പ്ലാസ്റ്റിക് പെട്ടികള്‍, മോഡം ഉള്‍പ്പെടെയുള്ള മറ്റുപകരണങ്ങള്‍ എന്നിവയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. സാധനങ്ങള്‍ നിറച്ച് ലോറി അപകട സമയം ഗോഡൗണിന് മുൻവശത്ത് ഉണ്ടായിരുന്നു. ലോറി മാറ്റാൻ കഴിഞ്ഞതിനാല്‍ വൻ നഷ്ടമൊഴിവായി.