അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന് യുഡിഎഫ് പഞ്ചായത്തംഗങ്ങൾ
തിരുമാറാടി : പഞ്ചായത്തിൽ ടാഗോർ ഓഡിറ്റോറിയം സ്ഥിതി
ചെയ്യുന്ന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാമ്പാക്കുട
ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ
നിർത്തി വയ്ക്കണമെന്ന് യുഡിഎഫ് പഞ്ചായത്തംഗങ്ങൾ ആവശ്യപ്പെട്ടു.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ അനുമതിയോടെ അല്ല എന്നറിയിച്ചുകൊണ്ട് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിട്ടുള്ളതാണ്. ഈ അനധികൃത നിർമ്മാണത്തെ സംബന്ധിച്ച് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്ക് തിരുമാറാടി പഞ്ചായത്തിൽ നിന്നു നൽകിയ കത്തിന് മറുപടി ലഭിച്ചിരുന്നു. മറുപടിയിൽ ടാഗോർ ഓഡിറ്റോറിയത്തിന് സമീപം നിലവിൽ നിർമ്മാണം നടക്കുന്ന പഞ്ചായത്ത് വക സ്ഥലത്തെക്കുറിച്ചോ പ്രസ്തുത സ്ഥലത്തിന്റെ ആസ്തി രജിസ്റ്ററിന്റെ പകർപ്പ് പഞ്ചായത്തിൽ നിന്ന് ലഭ്യമായത് സംബന്ധിച്ചോ ഈ സ്ഥലത്തിൻറെ തരത്തെക്കുറിച്ചോ സൂചനകൾ നൽകിയിട്ടില്ല.
ഇപ്രകാരം യാതൊരു വിധ രേഖകളുടെയും പിൻബലം ഇല്ലാതെ ടെൻഡർ ചെയ്ത നിർമ്മാണം ആരംഭിച്ചിരിക്കുന്നത് ക്രമവിരുദ്ധമായിട്ടാണ് അംഗങ്ങൾ പറയുന്നത്. തിരുമാറാടി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിൽ തിരുമാറാടി എസ്.സി സാംസ്കാരിക കേന്ദ്രം, പുത്തൻകുളങ്ങര കോളനി, പുളിക്കായത്ത് എസ്.സി കോളനി എന്നിവ തിരുമാറാടി പഞ്ചായത്തിന്റെ അധീനതയിലുള്ളതാണെന്നും ഈ കോളനികളിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് പഞ്ചായത്തിന് തടസ്സമില്ലെന്നുമാണ് അറിയിച്ചിരുന്നത്.
എന്നാൽ ഈ കോളനിക്ക് പുറത്തുള്ള പ്രസ്തുത സ്ഥലത്ത് തിരുമാറാടി പഞ്ചായത്തിന്റെ അറിവോ സമ്മതമോ തീരുമാനമോ കൂടാതെ, പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ആസ്തി രജിസ്റ്ററിന്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ടെൻഡർ നടത്തിയ നടപടി ക്രമവിരുദ്ധം ആണെന്നും കോൺഗ്രസ് അംഗങ്ങളായ അനിത ബേബി, നെവിൻ ജോർജ് എന്നിവർ പറഞ്ഞു.
ഇത്തരത്തിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് എതിരെ പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നു യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. യോഗം വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നെവിൻ ജോർജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.സി.അജി, സുനി ജോൺസൺ, ബീന ഏലിയാസ് , ആതിര സുമേഷ് എന്നിവർ പ്രസംഗിച്ചു.