എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം രുചിയിടം നിറക്കാൻ പഴയിടം എത്തി. ഊട്ടുപുര ഉദ്‌ഘാടനം നടത്തി.
പിറവം : 34 മത് എറണാകുളം റവന്യൂ ജില്ല കലോത്സവത്തിൽ എണ്ണായിരത്തോളം വരുന്ന കലാ പ്രതിഭകൾക്കും , രക്ഷിതാക്കൾക്കും , അധ്യാപകർക്കും ഭക്ഷണമൊരുക്കാൻ രുചിയുടെ രാജാവ് പഴയിടം മോഹനൻ നമ്പൂതിരി പിറവത്ത് എത്തി. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. യുടെ സാന്നിധ്യത്തിൽ പഴയിടം ഊട്ടുപുരയിൽ പാല് കാച്ചൽ ചടങ്ങു നടത്തി എല്ലാവർക്കും പാൽ പകർന്നു നൽകി. നഗരസഭാ ചെയർ പേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം, ഡി.ഡി.ഇ. ഹണി ജെ. അലക്‌സാണ്ടർ , മുനിസിപ്പൽ കൗൺസിലർമാർ, വിവിധ കമ്മറ്റി കൺവീനർമാർ, സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു . തിങ്കൾ ഉച്ചഭക്ഷണത്തോടെ ഊട്ടുപുര പൂർണമായും പ്രവർത്തനം തുടങ്ങും. തിങ്കൾ മുതൽ വെള്ളി വരെ 2500 മുതൽ 3500 പേർക്കു വരെ ഉച്ചഭക്ഷണം നൽകും. കൂടാതെ കുട്ടികളുടെ മത്സരക്രമം അനുസരിച്ച് രാവിലെയും വൈകിട്ടും ചായ, രാത്രി ഭക്ഷണവുമുണ്ടാകും.
എംകെ എം സ്കൂളിലെ അയ്യായിരം സ്ക്വയർ ഫീറ്റ് പന്തലിൽ ഒരേ സമയം 500 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.തൊട്ടു ചേർന്നുള്ള സ്കൂൾ മന്ദിരത്തിലാണ് കലവറയും അടുക്കളയും.പ്രതീക്ഷക്കുമപ്പുറം കലവറ നിറഞ്ഞതിൻ്റെ സന്തോഷത്തിലാണ് സംഘാടക സമിതിയും. നാട്ടിലെ കൃഷിയിടങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളാണ് സബ് ജില്ലയിലെ 42 സ്കൂളുകളിൽ നിന്നായി ശേഖരിച്ചത്. കൺവീനർ കെ.കെ ശാന്തമ്മ, എം.എ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സിഐടിയു തൊഴിലാളികളാണ്പച്ചക്കറികൾ കേടുപറ്റാതെ ഊട്ടുപുരയിൽ എത്തിച്ചത്.