മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു
കൂത്താട്ടുകുളം : മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. മോഷണക്കേസിൽ പിടിയിലായ പൂവക്കുളം നെടുംപുറത്ത് വേലായുധനെയാണ് കൂത്താട്ടുകുളം പോലീസ് ഇന്നലെ രാവിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനായി എത്തിച്ചത്. ക്ഷേത്രത്തിലെ നടപടിക്രമങ്ങൾക്ക് ശേഷം പോലീസ് പ്രതിയുടെ വീട്ടിലും പരിശോധന നടത്തി. മറ്റ് എവിടെ നിന്നെങ്കിലുമുള്ള മോഷണ വസ്തുക്കൾ പ്രതിയുടെ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായാണ് പോലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
ഇതോടൊപ്പം കൂത്താട്ടുകുളം ടൗണിൽ മേനാമറ്റം ഭാഗത്തും പോലീസ് പ്രതിയെ എത്തിച്ചു.
മഹാദേവക്ഷേത്രത്തിലെ മോഷണത്തിനു ശേഷം മോഷണ വസ്തുക്കളും ആയുധങ്ങളും പ്രതി ഇവിടെയായിരുന്നു ഒളിപ്പിച്ചിരുന്നത്. മേനാമറ്റം തോട്ടുവരമ്പിലെ
കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന മോഷണ വസ്തുക്കൾ പിന്നീട് ഇവിടെ നിന്നും വീട്ടിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതി പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രിയാണ് മഹാദേവക്ഷേത്രത്തിൽ മോഷണം നടന്നത്. രാത്രിയിൽ ക്ഷേത്ര പരിസരത്ത് വേലായുധന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്
വേലായുധനെ ഇന്നലെ ഉച്ചയോടെ തൊണ്ടി സഹിതം പോലീസ് പിടിച്ചത്.
പിടിയിലായ വേലായുധനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജെ.നോബിൾ, എസ് ഐ കെ.പി.സജീവൻ, എഎസ്ഐ രാജു പോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.മനോജ് കുമാർ, കെ.വി.അഭിലാഷ്, ആർ രേജീഷ്, പി.കെ.മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഫോട്ടോ : മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ.