Back To Top

November 17, 2023

ടീം മുളന്തുരുത്തി – സമൂഹ നന്മക്കായി ഒരു വാട്ട്സപ്പ് ഗ്രൂപ്പ്

മുളന്തുരുത്തി: സമൂഹ മാധ്യമങ്ങള്‍ സമയം കൊല്ലികളാകുന്ന ഇക്കാലത്ത്‌ സമൂഹ നന്‍മക്കായി വാട്‌സപ്പിനെ ഉപയോഗിക്കുകയാണ്‌ ടീം മുളന്തുരുത്തി എന്ന വാട്‌സപ്പ്‌ കൂട്ടായ്‌മ.ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന്‌ നേതൃത്വം നല്‍കുന്ന വാട്‌സപ്പ്‌ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം നാടിനാകെ മാതൃകയാവുകയാണ്‌.അശരണരായ ആളുകളെ സംരക്ഷിക്കുന്ന മുളന്തുരുത്തി പൈനുങ്കല്‍ പാറയിലുള്ള ബേത്‌ലഹേം ജെറിയാട്രിക്‌ അഭയ കേന്ദ്രത്തിന്‌ ആമ്ബുലന്‍സ്‌ വാങ്ങാനുള്ള മുഖ്യ തുക സമാഹരിച്ച്‌ നല്‍കിയത്‌ 724 അംഗങ്ങളുള്ള ഗ്രൂപ്പാണ്‌. നാളെ രാവിലെ 9 ന്‌ മുളന്തുരുത്തി പള്ളിത്താഴം ടി എം ജേക്കബ്‌ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ല കലക്‌ടര്‍ എന്‍ എസ്‌ കെ ഉമേഷ്‌ അഭയ കേന്ദ്രം ഡയറക്‌ടര്‍ ഫാ. അനില്‍ മൂക്കനോട്ടിലിന്‌ കൈമാറുമെന്ന്‌ പദ്ധതി കോ ഓഡിനേറ്റര്‍ ബോബി പോള്‍ പറഞ്ഞു. ചടങ്ങില്‍ രാഷ്ര്‌ടീയ, സാംസ്‌കാരിക,സാമുദായിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.ആഴ്‌ചകള്‍ക്ക്‌ മുമ്ബ്‌ നാട്ടിലെ പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ്‌ സ്വന്തമായി ആമ്ബുലന്‍സ്‌ സൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നതിനെക്കുറിച്ചു ള്ള അഭയേ കേന്ദ്രത്തിലെ ഫാ. അനില്‍ മൂക്കനോട്ടിലിന്റെ ഫേസ്‌ ബുക്ക്‌ പോസ്‌റ്റ് ചര്‍ച്ചയാവുന്നത്‌. ഈ വിഷയം ഗ്രൂപ്പില്‍ ചര്‍ച്ച ആയതോടെ ആമ്ബുലന്‍സ്‌ വാങ്ങി നല്‍കാനുള്ള തുക സമാഹരിക്കാന്‍ തുടങ്ങി ആഴ്‌ചകള്‍ക്കുള്ളില്‍ നാല്‌ ലക്ഷത്തി എഴുപതിനായിരം രൂപ ഗ്രൂപ്പില്‍ നിന്നും ഇതുവരെ സമാഹരിച്ചു. ആകെ വേണ്ട തുക 8 ലക്ഷത്തി 5,000 രൂപയാണ്‌.

 

അതില്‍ 5000 രൂപ ഇന്‍ഡസ്‌ മോട്ടോഴ്‌സ് കുറച്ചു നല്‍കി അങ്ങനെ 8 ലക്ഷം രൂപയ്‌ക്കാണ്‌ ആംബുലന്‍സ്‌ വാങ്ങുന്നത്‌. രണ്ടര ലക്ഷം രൂപ മറ്റിടങ്ങളില്‍നിന്നു ലഭിച്ചു.80000 രൂപയോളം നിലവില്‍ ബാധ്യതയുണ്ട്‌. ഈ തുകയും ഗ്രൂപ്പ്‌ അംഗങ്ങളില്‍നിന്നു കണ്ടെത്താനാകുമെന്ന പ്രതീക്ഷയാണുള്ളത്‌. 2018 ലെ ജലപ്രളയകാലത്ത്‌ രൂപീകരിച്ചതാണ്‌ ടീം മുളന്തുരുത്തി വാട്‌സ് ആപ്പ്‌ ഗ്രൂപ്പ്‌ ചെറുതും വലുതുമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനുള്ളില്‍ ചെയ്‌തിട്ടുണ്ട്‌. സാധാരണക്കാര്‍ മുതല്‍ ജനപ്രതിനിധികളും , പൊതു പ്രവര്‍ത്തകരും ,കര്‍ഷകരും തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്‌മയാണ്‌ ടീം മുളന്തുരുത്തി എന്ന വാട്‌സപ്പ്‌ കൂട്ടായ്‌മ.

Prev Post

വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ ‘ഇൻട്രോഡക്ഷൻ ടു ഗൂഗിൾ ക്രോഡ്സോഴ്സ് ‘എന്ന പരിപാടി നടത്തപ്പെട്ടു

Next Post

നവകേരള സദസ്  പിറവത്ത് അവലോകന യോഗം നടന്നു

post-bars