അശ്വതി ജംഗ്ഷനു സമീപം നിർത്തിവെച്ച അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു.
കൂത്താട്ടുകുളം : അശ്വതി ജംഗ്ഷനു സമീപം നിർത്തിവെച്ച അഴുക്കുചാൽ നിർമ്മാണം പുനരാരംഭിച്ചു. നിർമ്മാണത്തിലിരുന്ന് അഴുക്കുചാൽ തിങ്കളാഴ്ച രാവിലെ ഇടിഞ്ഞുവീണ സാഹചര്യത്തിൽ
കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് നിർമ്മാണം നിർത്തിവെക്കുകയായിരുന്നു. നിർമ്മാണത്തിൽ അപാകതകൾ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ച് കൗൺസിലർ സിബി കൊട്ടാരം നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും മന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ്, പിഡബ്ല്യുഡി കൂത്താട്ടുകുളം അസിസ്റ്റന്റ് എൻജിനീയർ നിരഞ്ജന ബാബുരാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയുടെ അടിസ്ഥാനത്തിൽ അഴുക്കുചാലിന്റെ ഇടിഞ്ഞുപോയ സംരക്ഷണഭിത്തി പൂർണ്ണമായി നീക്കം ചെയ്ത പുതിയവ നിർമ്മിക്കാൻ കരാറുകാരന് നിർദ്ദേശം നൽകി. പുതിയ നിർമ്മാണത്തിൽ കമ്പി ഉപയോഗിച്ച് എൽ ആകൃതിയിൽ ഫൗണ്ടേഷൻ സപ്പോർട്ട് കൂടി നിർമ്മാണം പൂർത്തീകരിക്കാൻ ആണ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉണ്ടാകും. കൗൺസിലർ സിബി കൊട്ടാരത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് പുനർനിർമ്മാണത്തിന് വഴിയൊരുക്കിയത്.
കൂത്താട്ടുകുളം അശ്വതി ജംഗ്ഷൻ മുതൽ നങ്ങേലിപ്പടി വരെയുള്ള 120 മീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ഈ ഭാഗത്ത് അപകടകരമായ തുടരുന്ന അഴുക്കുചാൽ കോൺക്രീറ്റ് ചെയ്ത് മുകളിൽ സ്ലാബ് ഇടാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
പഴയ അഴുക്കുചാൽ പൂർണമായി വൃത്തിയാക്കി അഴുക്കുചാലിന്റെ സൈഡ് വാൾ കോൺക്രീറ്റ് ചെയ്തു വരികയായിരുന്നു. നിലവിൽ അഴുക്കുചാലിന്റെ 30 മീറ്ററോളം ഭാഗത്തെ നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഇവിടെ ഇടിഞ്ഞുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉൾപ്പെടെ പൂർണമായി കോരി നീക്കി.
ഫോട്ടോ : കൂത്താട്ടുകുളം അശ്വതി ജംഗ്ഷനിൽ നിർമ്മാണം നിർത്തിവെച്ച അഴുക്കുചാലിന്റെ
പരാതി പരിശോധിക്കാൻ എത്തിയ
പിഡബ്ല്യുഡി ഉദ്യോഗസ്ഥരും നഗരസഭ കൗൺസിലറും.