Back To Top

June 16, 2026

പിറവത്തെ തൂക്കുപാലങ്ങൾക്ക് ശാപമോക്ഷം. നഗരസഭയ്ക്ക് വിട്ടു കിട്ടി

 

പിറവം:- അപകടാവസ്ഥയിലായിരുന്ന പാഴൂർ, കളമ്പൂർ തൂക്കുപാലങ്ങളുടെ ഉടമസ്ഥാവകാശം പിറവം നഗരസഭയ്ക്ക് വിട്ടു കിട്ടി. പാഴൂർ കക്കാട് കരകളെ തമ്മിൽ ബന്ധിപ്പിച്ച് പണിതീരുന്ന പാഴൂർ തൂക്കുപാലവും എറണാകുളം ജില്ലയിലെ കളമ്പൂർ, കോട്ടയം ജില്ലയിലെ മുളക്കുളം കരകളെ തമ്മിൽ ബന്ധിപ്പിച്ച് പണിതിരുന്ന കളമ്പൂർ തൂക്കുപാലവും ആണ് നിരവധി വർഷങ്ങളുടെ നീണ്ട ഉടമസ്ഥാവകാശത്തെചൊല്ലിയുള്ള അനിശ്ചിതത്വങ്ങക്ക് ശേഷം നഗരസഭക്ക് വിട്ടു കിട്ടിയത്. 12 വർഷത്തിലേറെ പഴക്കമുള്ള തൂക്കുപാലങ്ങൾ ചരിത്രപ്രസിദ്ധമായ പാഴൂർ മഹാശിവരാത്രിക്കും കളമ്പൂർക്കാവ് പാന ഉത്സവത്തിനും ആയിരക്കണക്കിന് ജനങ്ങൾക്ക് വളരെയേറെ സഹായകരമായിരുന്നു. മാത്രവുമല്ല ധാരാളം ജനങ്ങൾ നിത്യേന ഈ തൂക്കുപാലങ്ങളിലൂടെ സഞ്ചാരവും നടത്തിയിരുന്നു. പാലം വന്നതോടുകൂടി പുഴയിലൂടെ ഉണ്ടായിരുന്ന കടത്തും നിർത്തലാക്കി. പിറവം പഞ്ചായത്ത് ആയിരുന്നപ്പോൾ പൊതുമേഖലാ സ്ഥാപനം ആയിരുന്ന കെല്ലിന്റെ നേതൃത്വത്തിൽ പണിത തൂക്കുപാലങ്ങൾ, പിറവം നഗരസഭയായി മാറിയതിനെ തുടർന്ന് നാളിതുവരെയായി യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല. പാലം അപകടാവസ്ഥയിലാണ് എന്ന വാർത്തകളെ തുടർന്ന്, രണ്ടുവർഷം മുമ്പ് ആർ.ഡി ഒ അന്വേഷിച്ച് റിപ്പോർട്ട് നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഉത്സവകാലങ്ങളിൽ ജനങ്ങൾ ജീവൻ പണയം വച്ചും സഞ്ചരിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയും ആണ് നാളിതുവരെ മുന്നോട്ടു പോയത്. തുടർന്ന് പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇപ്പോഴത്തെ മുനിസിപ്പൽ ചെയർമാൻ കെ ആർ പ്രദീപ് കുമാർ തൂക്കുപാലം വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർ ജി. പ്രിയങ്കയ്ക്ക് കത്തു നൽകുകയും വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തത്. നഗരസഭയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ പോലും പാലം വിട്ടു കിട്ടിയാൽ,അനൂപ് ജേക്കബ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പണം ലഭ്യമാക്കാം എന്ന ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും , കൂടാതെ, മറ്റ് ഏത് വിധേനയാണെങ്കിലും ഫണ്ട് കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചു കൊള്ളാമെന്നും ജില്ലാ ഭരണകൂടത്തിനെ ബോധ്യപ്പെടുത്തുവാനും സാധിച്ചു. ഇതിനെ തുടർന്നാണ്, പാലങ്ങളുടെ ഉടമസ്ഥാവകാശം നഗരസഭയ്ക്ക് വിട്ടു കിട്ടിയതെന്നും നഗരസഭ ചെയർമാൻ കെ ആർ പ്രദീപ് കുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് കളക്ടറുടെ ഔദ്യോഗികമായ കത്ത് ലഭിക്കുകയും, തൂക്കുപാലങ്ങൾ പിറവം നഗരസഭയുടെ ആസ്തിയിൽ ഉൾപ്പെടുത്തി സംരക്ഷണ ചുമതല സെക്രട്ടറിയെ ഏൽപ്പിച്ചതായും പറഞ്ഞിട്ടുണ്ട്. മുൻ നഗരസഭ ഭരണ സമിതികൾ പാലം ഏറ്റെടുത്ത് സംരക്ഷിക്കാൻ മുന്നോട്ടു വരാതിരുന്നത് നിർഭാഗ്യകരമായി പോയെന്നും, നേരത്തെ തന്നെ ഇവ ഏറ്റെടുത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവെങ്കിൽ ഇത്രയും ജീർണാവസ്ഥയിലേക്ക് പോകില്ലായിരുന്നുവെന്നും, ചെയർമാൻ കൂട്ടിച്ചേർത്തു.

 

ചിത്രം : പാഴൂർ തൂക്ക് പാലം 

 

Prev Post

പ്രിയദർശിനി’ പദ്ധതിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകള്‍

Next Post

നായ്‌ക്കുട്ടികളെ ടൗണിൽ ഉപേക്ഷിച്ച നിലയിൽ – പിറവത്ത് തെരുവ് നായ ശല്യം രൂക്ഷമായി

post-bars