Back To Top

June 16, 2026

പ്രിയദർശിനി’ പദ്ധതിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകള്‍

കൊച്ചി :കെ.എസ്.ആർ.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കുന്ന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകള്‍ രംഗത്ത്.പദ്ധതി നിലവില്‍ വന്ന ആദ്യ ദിനം തന്നെ തങ്ങളുടെ വരുമാനത്തെ കനത്ത രീതിയില്‍ ബാധിച്ചതായി ബസ്സുടമകള്‍ ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചർച്ച ചെയ്യുന്നതിനായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ അടിയന്തര അവലോകന യോഗം ഇന്ന് തൃശൂരില്‍ നടക്കും.

 

ആദ്യ ദിനം ഇന്ധനം അടിക്കാനുള്ള കളക്ഷൻ പോലും പല ബസുകള്‍ക്കും ലഭിച്ചില്ലെന്നും, ജീവനക്കാർക്ക് മുഴുവൻ വേതനം നല്‍കാൻ സാധിച്ചില്ലെന്നും ഉടമകള്‍ വ്യക്തമാക്കുന്നു. കൃത്യമായ നഷ്ടക്കണക്കുകള്‍ ഇന്നത്തെ യോഗത്തില്‍ വിലയിരുത്തും. പദ്ധതി വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. വരും ദിവസങ്ങളിലെ കളക്ഷൻ കൂടി വിലയിരുത്തിയ ശേഷം വെള്ളിയാഴ്ചയ്ക്ക് ശേഷം ബസ്സുടമകള്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കും.

തങ്ങളുടെ ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെങ്കില്‍ സർവീസുകള്‍ പൂർണ്ണമായി നിർത്തിവെച്ച്‌ പണിമുടക്ക് അടക്കമുള്ള കടുത്ത സമരമുറകളിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസ്സുടമകളുടെ തീരുമാനം.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെയാണ് നടന്നത്. തമ്പാനൂരില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ സർവീസില്‍ യാത്രക്കാരനായി നേരിട്ടെത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി നാടിന് സമർപ്പിച്ചത്. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സർക്കാരിന്റെ ‘ഇന്ദിര ഗ്യാരന്റി’യിലെ ആദ്യ വാഗ്ദാനമാണിത്. സംസ്ഥാനത്തുടനീളമുള്ള കെ.എസ്.ആർ.ടി.സിയുടെ 3,125 ഓർഡിനറി സർവീസുകള്‍ പദ്ധതിയുടെ ഭാഗമായി മാറ്റി. പദ്ധതി മൂലമുണ്ടാകുന്ന നഷ്ടം നികത്താൻ പ്രതിമാസം 60 കോടി രൂപ സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൈമാറും. പെരുമ്പാവൂർ ഡിപ്പോയിലെ വി.പി. ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയുമാണ് ആദ്യ സർവീസിന്റെ അമരക്കാരായത്. അധികാരമേറ്റ് ഒരു മാസം തികയും മുൻപേ സർക്കാർ പദ്ധതി നടപ്പിലാക്കിയെങ്കിലും, തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ വാക്ക് പൂർണ്ണമായി പാലിക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ആരോപിച്ച്‌ എല്‍.ഡി.എഫ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു.

Prev Post

ഹിമാലയത്തിലെ അന്നപൂര്‍ണ്ണ കീഴടക്കിയ അദ്വൈതിന് മുളന്തുരുത്തി  ‘സൗഹൃദം 87’-ന്റെ ആദരം

Next Post

പിറവത്തെ തൂക്കുപാലങ്ങൾക്ക് ശാപമോക്ഷം. നഗരസഭയ്ക്ക് വിട്ടു കിട്ടി

post-bars