അഴിമതി ആരോപണം ഉന്നയിച്ച യു.ഡി.എഫ്. വിഷയം കൗൺസിലിൽ ചർച്ചക്ക് വന്നപ്പോൾ ഒളിച്ചോടി – എൽ.ഡി.എഫ്.
പിറവം : കണ്ണീറ്റ് മലയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിർമ്മാണത്തിൽ ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച യു.ഡി.എഫ്. വിഷയം കൗൺസിൽ യോഗത്തിൽ അജണ്ട വച്ചു് ചർച്ചയ്ക്ക് എടുത്തപ്പോൾ ഒളിച്ചോടുകയാണ് ചെയ്‌തതെന്ന് എൽ.ഡി.എഫ്. ഭരണസമിതി ആരോപിച്ചു. അഴിമതി ഉണ്ടെങ്കിൽ ചർച്ച ചെയ്യാമെന്ന് ആവശ്യപ്പെട്ടിട്ടും , ചർച്ച ചെയ്താൽ പൊള്ളത്തരം പുറത്താകുമെന്ന് മനസ്സിലാക്കിയ യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങി പോകുകയാണ് ചെയ്തത്. നഗരസഭയിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ യു.ഡി.എഫിന്റെ മനോനില തെറ്റിച്ചിരിക്കുകയാണെന്നും എൽ.ഡി.എഫ്. ആരോപിച്ചു. കണ്ണീറ്റ് മലയിലെ പ്ലാന്റ് നിർമ്മാണ വിഷയത്തിൽ പ്രതിപക്ഷമടക്കമുള്ള അംഗങ്ങളുടെ കമ്മറ്റിയിൽ തീരുമാനങ്ങൾ അഗീകരിച്ച ശേഷം പിന്നീട് ആരോപണങ്ങൾ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് മുൻസിപ്പൽ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു , വൈസ് ചെയർമാൻ കെ.പി. സലിം, കൗൺസിലർമാരായ അഡ്വ. ബിമൽ ചന്ദ്രൻ , ഡോ. അജേഷ് മനോഹർ, ഗിരീഷ് കുമാർ എന്നിവർ പറഞ്ഞു .