വിഷു വിളക്ക്- പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ നാളികേരം തൂളിച്ചു
പിറവം : വിഷുവിളക്ക് ഉത്സവത്തിന്റെ 9-ാം ദിനം രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ പ്രസിദ്ധമായ നാളികേരം തൂളിക്കൽ നടന്നു. ഉച്ചയ്ക്ക് ശീവേലിയുടെ അവസാന പ്രദക്ഷിണം വടക്കെ നടയിലെത്തിയപ്പോഴാണ് ഭക്തിനിർഭരമായ നാളികേരം തൂളിക്കല് നടന്നത്. ഉപദേവനായ ഉണ്ണിഭൂതത്തിന് കാണിക്കയായി ലഭിച്ച നൂറു കണക്കിനു നാളികേരങ്ങളാണ് ക്ഷേത്രം ഊരാണ്മ ഭാരവാഹികളുടെ നേതൃത്വത്തിൽ തൂളിച്ചത്. നേരത്തെ ശ്രീബലിയുടെ തുടർച്ചയായി വൈക്കം ഷാജിയുടെ നേതൃത്വത്തിൽ നാദസ്വരം അരങ്ങേറി. എഴുന്നള്ളിപ്പിൽ ഗജവീരൻ മുണ്ടയ്ക്കൽ ശിവനന്ദൻ നരസിംഹമൂർത്തിയുടെയും മച്ചാട് ധർമൻ ഉണ്ണി ഭൂതത്തിന്റെയും തിടമ്പേറ്റി . പഴുവിൽ രഘു മാരാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളത്തിന്റെ തുടർച്ചായായിട്ടായിരുന്നു നാളികേരം തുളിക്കൽ. വൈകിട്ടു അലങ്കാര ഗോപുരത്തിൽ നിന്നു ആരംഭിച്ച കാഴ്ച ശ്രീബലിയിൽ താഴുത്തേടത്ത് മുരളീധര മാരാരും സംഘവും മേളം ഒരുക്കി. വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചാരിമേളം അകമ്പടിയായി. പരിഷവാദ്യം, ഇടയ്ക്കാപ്രദക്ഷിണം എന്നിവയുടെ തുടർച്ചയായി ഇറക്കി എഴുന്നള്ളിപ്പ് ആരംഭിച്ചു.
ചിത്രം : വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന നാളികേരം തൂളിക്കൽ.