കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗു തിരിച്ചു നൽകി യുവാവിൻ്റെ സത്യസന്ധത
പിറവം : റോഡിൽ നിന്നും കിട്ടിയ ഹാൻഡ് ബാഗും പണവും ഉടമസ്ഥന് തിരികെ നൽകി യുവാവിൻ്റെ സത്യസന്ധത. തുരുത്തിക്കര സ്വദേശി
തോട്ടത്തിൽ ജയേഷ് കുമാറിനാണ് റോഡിൽ നിന്നും പണം അടങ്ങിയ ബാഗ് ലഭിച്ചത്.ചൊവാഴ്ച രാവിലെ 10 ന് ആരക്കുന്നം മണിയാമ്പുറം റോഡിൽ നിന്നാണ് ബാഗ് കിട്ടിയത്. പണവും രേഖകളും ബാഗിനുള്ളിൽ ഉണ്ടെന്ന് മനസിലായതോടെ മുളന്തുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ മനേഷ് കെ. പൗലോസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി ബാഗ് നൽകി. ബാഗിനുള്ളിൽ നിന്നും ലഭിച്ച രേഖകൾ പരിശോധിച്ച പോലീസ് ബാഗിൻ്റെ ഉടമ ആരക്കുന്നം സ്വദേശി പീടിക പറമ്പിൽ യോഹന്നാൻ വർഗീസ് ആണെന്ന് മനസിലാക്കുകയും
അയാളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ജോലിസ്ഥലത്ത് നിന്ന് സൂക്ഷിക്കാൻ ഏൽപ്പിച്ച 15000 രൂപയും വ്യക്തിപരമായ രേഖകളും ആണ് ബാഗിലുണ്ടായിരുന്നതെന്ന് യോഹന്നാൻ വർഗീസ് പറഞ്ഞു. സംഭവം സത്യമാണെന്ന് മനസിലാക്കിയ പോലീസ്
എസ്.ഐ. ആർ പ്രിൻസിയുടെ സാന്നിധ്യത്തിൽ ജയേഷ് കുമാറിനെ വിളിച്ചു വരുത്തി സ്റ്റേഷനിൽ വച്ച് യോഹന്നാൻ വർഗീസിന്
പണവും രേഖകളും അടങ്ങിയ ബാഗ് കൈമാറി.
ചിത്രം : റോഡിൽ നിന്നും കിട്ടിയ ഹാൻഡ് ബാഗും പണവും ഉടമസ്ഥന് ജയേഷ് കുമാർ തിരികെ നൽകുന്നു.