പിറവം നിയോജകമണ്ഡലത്തിലെ പട്ടയ വിതരണം സമയ ബന്ധിതമായി പൂർത്തിയാക്കും.
പിറവം : നിയോജകമണ്ഡലത്തിലെ “പട്ടയ അസംബ്ലി” അനൂപ് ജേക്കബ് എം.എല്‍.എ-യുടെ അദ്ധ്യക്ഷതയില്‍ പിറവം കൊള്ളിക്കല്‍ എം.വി.ഐ.പി ഐ.ബി-യില്‍ വച്ചു നടന്നു. പിറവം പോഴിമല നിവാസികള്‍ക്ക് അപേക്ഷയുടെ അടിസ്ഥാനത്തില്‍ പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. കൂത്താട്ടുകുളം അമ്പലം കോളനി, ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ പരിത്തിപ്പിള്ളി കോളനി, ഇരുമ്പനം ഭാഗത്തെ കര്‍ഷക കോളനിയി, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ തെക്കേചിറ കോളനി
എന്നിവിടങ്ങളിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട സര്‍വ്വേ തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മിച്ചഭൂമി പട്ടയം, പുഴ പുറമ്പോക്കിലേയും, പാറ പുറമ്പോക്കിലേയും പട്ടയം സംബന്ധിച്ച് വീണ്ടും സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കാന്‍ പട്ടയ അസംബ്ലിയില്‍ തീരുമാനിച്ചു. പുതുതായി വന്ന അപേക്ഷകളിന്മേല്‍ എത്രയും വേഗം റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച് പട്ടയം നല്‍കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനും പട്ടയ അസംബ്ലിയില്‍ ധാരണയായി. പിറവം മുനിസിപാലിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എല്‍ദോസ്, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍, പിറവം മുനിസിപാലിറ്റി വൈസ് ചെയര്‍മാന്‍ കെ.പി സലിം, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേര്‍ളി, മുനിസിപ്പല്‍ കൌണ്‍സിലര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, മൂവാറ്റുപുഴ തഹസീല്‍ദാര്‍ രജ്ഞിത്ത് ജോര്‍ജ്, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പട്ടയ അസംബ്ലിയില്‍ പങ്കെടുത്തു.
ചിത്രം : നിയോജകമണ്ഡലത്തിലെ “പട്ടയ അസംബ്ലി” യോഗത്തിൽ അനൂപ് ജേക്കബ് എം.എല്‍.എ-പ്രസംഗിക്കുന്നു.