വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഇടവകയിലെ മുതിർന്ന അംഗങ്ങൾക്കായി സൗഖ്യദാനശുശ്രൂഷയും, വിശുദ്ധ കുർബാന അനുഭവവും നൽകി.
കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ ഇടവകയിലെ മുതിർന്ന അംഗങ്ങൾക്കായി സൗഖ്യദാനശുശ്രൂഷയും, വിശുദ്ധ കുർബാന അനുഭവവും നൽകി.
ആദ്യ ശനിയാഴ്ചയായി ഇന്നലെ ദേവാലയത്തിലെ പ്രഭാത പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷമാണ് ഇടവകയിലെ മുതിർന്ന അറുപതോളം അംഗങ്ങൾക്ക് വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ നൽകിയത്.
മക്കളുടെയും കൊച്ചുമക്കളുടെയും കൈ പിടിച്ചെത്തിയ അപ്പച്ചന്മാരും അമ്മച്ചിമാരും ഏറെ സംതൃപ്തിയോടെയാണ് ദേവാലയത്തിലെ ശുശ്രൂഷകൾ അനുഭവിച്ചത്. പ്രായാധിക്യത്താൽ അവശത അനുഭവിക്കുന്ന ഈ വന്ധ്യവയോധികർക്ക് അരികിലേക്ക് ദേവാലയത്തിലെ വൈദികരുടെ നേതൃത്വത്തിലുള്ള സംഘം വിശുദ്ധ കുർബാന എത്തിക്കുകയായിരുന്നു. ശേഷം സൗഖ്യദാനശുശ്രൂഷ നൽകുകയും ചെയ്തു.
ഇടവക വികാരി ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, തളിയച്ചിറ ജോൺ കോർഎപ്പിസ്കോപ, സഹ വികാരിമാരായ ഫാ.രാജൻ ജോർജ്, ഫാ. അഗസ്റ്റിൻ പുല്ലുകാല, ഫാ.അജീഷ് ബാബു, ഫാ. കുര്യാക്കോസ് തോമസ്, ഡീക്കൻ ബേസിൽ വാനാപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് ദേവാലയത്തിലെ വിശുദ്ധ കുർബാനയും തുടർന്നുള്ള ശുശ്രൂഷകളും നടന്നത്.
ദേവാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന മഹന്യ ശുശ്രൂഷയ്ക്ക് ഇടവകയിലെ യുവജന സംഘടനയായ ഒസിവൈഎം അംഗങ്ങളാണ് പൂർണ്ണ പിന്തുണ നൽകിയിരിക്കുന്നത്.
ഇടവകയിലെ ഓരോ കുടുംബങ്ങളിൽ നിന്നും അംഗങ്ങളെ ദേവാലയത്തിൽ എത്തിക്കുന്നതിനും ദേവാലയത്തിന്റെ പൂമുഖത്ത് എത്തിയ അംഗങ്ങളെ ദേവാലയത്തിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ഇരിപ്പിടങ്ങളിൽ സുരക്ഷിതമായി ഇരുത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളിലും ഒസിവൈഎം പ്രവർത്തകർ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം പള്ളി അങ്കണത്തിൽ നടന്ന സ്നേഹവിരുന്നിൽ പങ്കാളികളായാണ് ഓരോ അംഗങ്ങൾ മടങ്ങിയത്.
ഫോട്ടോ : വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി ഇടവകയിലെ മുതിർന്ന അംഗങ്ങൾക്കായി വികാരി ഫാ. ഏലിയാസ് ജോൺ മണ്ണാർത്തിക്കുളം സൗഖ്യദാനശുശ്രൂഷ നൽകുന്നു.