പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും ഭൂരേഖയും കൈമാറും
പിറവം: സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമിയെന്ന പോഴിമലക്കാരുടെ
പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തം പേരിലേക്ക് ഭൂമിയും ഭൂരേഖയും കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി. പിറവം അഞ്ചൽപ്പെട്ടി- കൂത്താട്ടുകുളം റോഡരുകിൽ താമസിച്ചിരുന്ന കുടുംബങ്ങളെ 1997ലാണ് പോഴിമലയിലേക്ക് മാറ്റി താമസിപ്പിച്ചത്. ജനകീയ ആസൂത്രണ പദ്ധതിയിൽ പിറവം ഗ്രാമപഞ്ചായത്ത് വാങ്ങിയ രണ്ട് ഏക്കറോളം സ്ഥലത്ത് 48 കുടുംബങ്ങൾക്ക് വീടൊരുക്കി. സ്വന്തം പേരിൽ ഭൂരേഖ ഇല്ലാത്തത് പിന്നീട് വലിയ പ്രശ്നമായി അവശേഷിച്ചു. വിദ്യാഭ്യാസ വായ്പ പോലും കിട്ടാത്തത് വലിയ ദുരിതമായി അവശേഷിച്ചു.
വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും നിയമക്കുരുക്കുകൾ വിലങ്ങുതടിയായി. രണ്ടാം പിണറായി സർക്കാർ നിയമകുരുക്കുകൾ അഴിച്ചതോടെ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു വൈസ് ചെയർമാൻ കെ.പി സലിം എന്നിവരുടെ നേതൃത്വത്തിൽ നടന്ന നിരന്തര ഇടപെടലുകൾ വിജയം കണ്ടു. പോഴിമല നഗറിലെ ഭൂമിയുടെ അളവ് പൂർത്തിയായി. ഉടമകളുടെ പേരിൽ രജിസ്ട്രേഷനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ചിത്രം: പിറവം പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും ഭൂരേഖയും കൈമാറുന്നതിനുള്ള നടപടികൾക്കായി
ഭൂമി അളക്കുന്നു.