വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയതിൽ യുഡിഎഫ് പ്രതിഷേധം
പിറവം : ടൗണിൽ പള്ളിക്കവലയ്ക്ക് സമീപം എസ്.ബി.ഐയുടെ മുന്നിലുണ്ടായിരുന്നു വെയിറ്റിംഗ് ഷെഡ് കുത്തക സൂപ്പർ മാർക്കറ്റിനു വേണ്ടി പൊളിച്ചുമാറ്റിയതിൽ യുഡിഎഫ് പ്രതിഷേധിച്ചു. പിറവം ബസ്റ്റാന്റിനു എത്തുന്നതിനു മുമ്പേ , ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയകരമായിരുന്ന ഏക വെയിറ്റിംഗ് ഷെഡ് ആയിരുന്നു നശിപ്പിക്കപ്പെട്ടത്. ഒരു കുത്തക സൂപ്പർ മാർക്കറ്റ്, തങ്ങൾ നടത്തുവാൻ പോകുന്ന വ്യാപാരസ്ഥാപനത്തിന് മുന്നിലുള്ള വെയിറ്റിംഗ് ഷെഡിന് പകരം, അതിനോട് ചേർന്ന് തന്നെ മതിൽക്കെട്ടിനകത്ത് പുതിയ നിർമ്മിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് നഗരസഭയ്ക്ക് നേരത്തെ ഒരു അപേക്ഷ നൽകിയിരുന്നു. അതിനു മറുപടിയായി നഗരസഭ ആദ്യം പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. പക്ഷേ അതിനു വിരുദ്ധമായിട്ടാണ് സ്വകാര്യ സ്ഥാപനം സ്വന്തം ഇഷ്ടപ്രകാരം നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയത്. വെയിൽ ശക്തമായതോടെ ആകെ ബുദ്ധിമുട്ടിലാകുന്ന സമയത്ത് തന്നെ അനധികൃതമായ ഈ പൊളിക്കൽ നടന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുത്തക മുതലാളിമാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന എൽഡിഎഫ് നഗരസഭ ഭരണ നേതൃത്വത്തിന്റെ അനുവാദത്തോടുകൂടിയാണ് ഈ പൊളിക്കൽ നടന്നത് എന്ന് യുഡിഎഫ് ആരോപിച്ചു.പൊതുമുതൽ നശിപ്പിച്ച് ഈ പൊളിക്കൽ നടത്തിയ കുറ്റക്കാർക്കെതിരെ കേസെടുക്കുകയും എത്രയും പെട്ടെന്ന് തന്നെ പുതിയ വെയിറ്റിംഗ് ഷെഡ് നിർമിച്ച് നൽകുകയും ചെയ്യണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്നും ഡിസിസി സെക്രട്ടറികെ.ആർ. പ്രദീപ് കുമാർ, യുഡിഎഫ് നേതാക്കളായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, അരുൺ കല്ലറക്കൽ, ഷാജു ഇലഞ്ഞിമറ്റം,പ്രശാന്ത് മമ്പുറത്ത്, വത്സല വർഗീസ് , സിനി ജോയി എന്നിവർ അറിയിച്ചു.
ചിത്രം : ടൗണിൽ പള്ളിക്കവലയ്ക്ക് സമീപം എസ്.ബി.ഐയുടെ മുന്നിലുണ്ടായിരുന്നു വെയിറ്റിംഗ് ഷെഡ് പൊളിച്ചു മാറ്റിയ സ്ഥലം യു.ഡി.എഫ്. നേതാക്കൾ സന്ദർശിച്ചപ്പോൾ.