മിഷേൽ ഷാജിയുടെ മരണം ഘാതകരെ കണ്ടെത്താൻ സിബിഐ അന്യോഷണം വേണം- ഓർത്തഡോക്സ് സഭ.
പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പിറവം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെത് കൊലപാതകം തന്നെയാണെന്നും ഘാതകരെ കണ്ടെത്താൻ
സിബിഐ അന്വേഷണം വേണമെന്നും ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. മിഷേലിനെ സംസ്കരിച്ച മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്, കണ്ടനാട് വെസ്റ്റ്, കൊച്ചി, അങ്കമാലി, തൃശൂർ ഭദ്രാസനങ്ങൾ ഉൾപ്പെടുന്ന വടക്കൻ മേഖല വൈദീക സമ്മേളനത്തിലാണ് ഓർത്തഡോക്സ് സഭ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. യോഗത്തിൽ ഇത് സംബന്ധിച്ച് ഫാ.ടി പി കുര്യൻ തളിയച്ചിറ പ്രമേയം അവതരിപ്പിച്ചു. മിഷേലിൻ്റെ ഘാതകരെ കണ്ടെത്താത്തതിൽ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മിഷേൽ ഷാജിയുടെ ദുരൂഹ മരണം സംഭവിച്ചിട്ട് മാർച്ച് 6 ന് എട്ട് വർഷം പൂർത്തിയാവുകയാണ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷ്ണം നടത്തിയിട്ടും മരണത്തിൻ്റെ ദുരൂഹത കണ്ടെത്താൻ സാധിച്ചിട്ടില്ല ഈ സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭ സിബിഐ അന്വേഷ്ണം ആവശ്യപ്പെടുന്നതെന്ന് ചെങ്ങന്നൂർ ഭദ്രാസനാധിപനും സെൻ്റ് തോമസ് ഓർത്തഡോക്സ് വൈദീക സംഘം പ്രസിഡൻ്റുമായ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മിഷേലിൻ്റെ മരണത്തെ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണ്ട വിധത്തിൽ നടന്നിട്ടില്ല. കുടുംബാംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾ പരിഹരിക്കാതെ മുൻവിധിയോടുകൂടി മിഷേലിൻ്റെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കുവാനുള്ള ശ്രമമാണ് അന്വേഷ്ണ ഉദ്യോഗസ്ഥരിൽ കണ്ടുവരുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മിഷേൽ ഷാജിയുടെ മരണം അത്മഹത്യ അല്ലന്നും കൊലപാതകമാണെന്നും അന്വേഷ്ണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. വിഷയത്തിൻ്റെ ഗൗരവം മനസിലാക്കി സിബിഐ അന്വേഷണം ഓർത്തഡോക്സ് സഭ ആവശ്യപ്പെടുകയാണെന്ന്
വൈദീക യോഗത്തിൽ പങ്കെടുത്ത ഇടുക്കി ഭദ്രാസനാധിപനും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ സക്കറിയ മാർ സേവേറിയോസ് പറഞ്ഞു. നിയമപരമായ നടപടികൾ സഭ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർ പ്പോസ് വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വികാരി ഫാ. ലൂക്കോസ് തങ്കച്ചൻ, വൈദിക സംഘം സെക്രട്ടറി ഫാ. നൈനാൻ വി. ജോർജ്ജ്, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, കണ്ടനാട് വെസ്റ്റ് വൈദീക സംഘം സെക്രട്ടറി ഫാ. ജസ്റ്റിൻ തോമസ് പൂവത്തുങ്കൽ,
ഫാ. എൽദോ ജോൺ കടുക്കുംമാക്കിൽ തുടങ്ങിയവർ സംസാരിച്ചു. മിഷേൽ ഷാജിയുടെ മരണം സിബിഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് വൈദീകരുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി.