ഉണങ്ങിയ മരങ്ങളും കാടു മൂടി കിടക്കുന്ന മണ്ണും, വാഹനങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയാകുന്നു.
കോലഞ്ചേരി : സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണും ഉണങ്ങിവീഴാറായ മരങ്ങളും വാഹനങ്ങൾക്കും ജനങ്ങൾക്കും ഒരുപോലെ ഭീഷണിയാകുന്നു. നാലു വർഷങ്ങൾക്കു മുൻപ് ഓഫീസിനു മുന്നിൽ മഴവെള്ള സംഭരണിക്കായി കുഴിയെടുത്ത ലോഡ് കണക്കിന് മണ്ണ് ഓഫീസ് മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നത് വാഹന പാർക്കിംഗ് സൗകര്യം ഇല്ലാതാക്കുന്നു എന്നാണ് പരാതി. നിലവിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികളുടെ ആവാസ മേഖലയായി ഇവിടം മാറിയിരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ഇഴഞ്ഞു പോകുന്ന പാമ്പുകൾ രജിസ്ട്രേഷൻ നടപടികൾക്കായി എത്തുന്നവരെ ഭീതിയിലാഴ്ത്തുകയാണ്. ഓഫീസ് മുന്നിലെ തിരക്കൊഴിവാക്കുന്ന പാർക്കിംഗ് സൗകര്യം കൂടിയാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. മഴവെള്ള സംഭരണിയുടെ കരാറുകാരൻ പണി തീർന്നാൽ ഉടൻ ഇത് നീക്കം ചെയ്യാം എന്ന് പറഞ്ഞിരുന്നെങ്കിലും നാലുവർഷം പിന്നിട്ടിട്ടും അതിന് ഒരു തീരുമാനമായിട്ടില്ല. ഉണങ്ങി വീഴാറായ പ്ലാവും, മാവും ഉൾപ്പെടെയുള്ളവ ഓഫീസിനു മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. അടിയന്തിരമായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്ത് ഉണങ്ങിയ മരങ്ങൾ വെട്ടി മാറ്റി സബ് രജിസ്ട്രാർ ഓഫീസിന്റെ മുറ്റവും വാഹനങ്ങളും ഓഫീസിൽ എത്തുന്നവരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.
സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി
Get Outlook for Android