മഹാശിവരാത്രി: പിതൃതർപ്പണത്തിനൊരുങ്ങി പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം
പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി .
മഹാശിവരാത്രിയായ ഫെബ്രുവരി 26 ബുധനാഴ്ച നേരം പുലരുന്നതോടെ പാഴൂരിലേയ്ക്ക് ഭക്തരെത്തിത്തുടങ്ങും രാവിലെ 8.30 ന് പെരുംതൃക്കോവിലപ്പനെ ഉപദേവന്മാർക്കൊപ്പം ശിവേലിക്ക് എഴുന്നള്ളിക്കും. ഉച്ചക്ക് 12 ന് മാമലക്കവല നിരപ്പേൽ ശ്രീബാലസുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്നുള്ള അഭിക്ഷേക കാവടി ഘോഷയാത്ര എത്തിച്ചേരും. തുടർന്ന് ഉച്ചക്ക് 1 മണിക്ക് ” മഹാപ്രസാദ ഊട്ട് ” നടക്കും. വൈകിട്ട് 4 ന് കാഴ്ച ശീവേലിക്ക് നാദസ്വരം അകമ്പടിയാകും.
വൈകിട്ട് 6.30 ന് മണൽപ്പുറത്ത് കൈകൊട്ടിക്കളി അരങ്ങേറും, 7 ന്
ആർ.എൽ.വി ജമനു ഗിരീഷിൻ്റെ സംഗീത സദസ്സ് ,
8 ന് വിവേകാനന്ദ പബ്ലിക് സ്കൂളിലെ കുട്ടികളുടെ ന്യത്തന്യത്യങ്ങൾ,
7 ന് മതിൽക്കകത്ത് കുട്ടികളുടെ നൃത്ത സന്ധ്യ, 9.30 ന്
പാഴൂർ പടിപ്പുര ശ്യാ൦കിഷോറിന്റെ സംഗീത കച്ചേരി എന്നിവ നടക്കും.
രാത്രി 11.30 ന് പെരുംതൃക്കോവിലപ്പനെ ഉപദേവന്മാർക്കൊപ്പം ശിവരാത്രി വിളക്കിനായി മണപ്പുറത്തേക്ക് എഴുന്നള്ളിക്കും. പാഴൂർ ഉണ്ണിചന്ദ്രന്റെ പ്രമാണത്തിൽ പാണ്ടിമേളം, കേളി,കൊമ്പ്പറ്റ്, കുഴൽപ്പറ്റ്, ചെണ്ടമേളം എന്നിവയോടെ വിളക്കാചാരമുണ്ട്. വിളക്കാചാരം കഴിഞ്ഞ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് മടങ്ങുന്നതോടെ മണപ്പുറത്തെ ബലിത്തറകളിൽ പിതൃതർപ്പണമന്ത്രങ്ങൾ മുഴങ്ങും.
ചിത്രം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രവും, ശിവരാത്രി പിതൃതർപ്പണത്തിന് എത്തുന്നവർക്കായി മണൽപ്പുറത്തേക്ക് നിർമിച്ച താൽകാലിക പാലവും.