വളർത്തു മത്സ്യങ്ങളെ കടിച്ചു കൊന്ന നിലയിൽ
പിറവം: കർഷകൻ പാടത്തെ കുളത്തിൽ വളർത്തിയിരുന്ന മത്സ്യങ്ങളെ അഞ്ജാത ജീവി കടിച്ചു കൊന്ന നിലയിൽ. നഗരസഭയിൽ പത്താം വാർഡിൽ പള്ളിക്കാവിന് സമീപം ചന്തേലിൽ രാജുവിൻ്റെ കുളത്തിലെ വളർത്തു മത്സ്യങ്ങളെ ബുധനാഴ്ച രാത്രിയാണ് ആക്രമിച്ചത്. പല മത്സ്യങ്ങളുടേയും തലയും, ഉടലും കടിച്ചെടുത്ത് ഭാഗീകമായ നിലയിലായിരുന്നു. ഏതോ അജ്ഞാത ജീവയുടെ ആക്രമത്തിലാണ് മത്സ്യങ്ങൾ ചത്തതെന്നാണ് ആദ്യം കരുതിയിത്. പിന്നീട് വിദഗ്ദ്ധ സംഘമെത്തി പരിശോധന നടത്തി നീർ നായക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. നീർനായ്ക്കളുടെ കാൽപ്പാടുകൾ കുളത്തിനു ചുറ്റുമുണ്ടായിരുന്നു.പിറവം പുഞ്ചയുടെ ഭാഗമായുള്ള പാടത്താണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന് ചുറ്റും നെറ്റ് കെട്ടിയിട്ടുണ്ട്. ഇത് പല ഭാഗത്തും കീറിയ നിലയിലാണ്.
സിലോപ്പി വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളെയാണ് വളർത്തിയിരുന്നത്.
കിലോയ്ക്ക് 200 മുതൽ 250 രൂപാ വരെ വിലയുണ്ട് മീനുകൾക്ക്. മൂന്നൂറ് ഗ്രാം മുതൽ അര കിലോ വരെ തുക്കമുള്ള 500-ലധികം മത്സ്യങ്ങൾ ചത്തതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഏഴു വർഷമായി രാജുവും, ഭാര്യ ഷൈലയും മത്സ്യം വളർത്തുണ്ട്. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ ഗിരീഷ് കുമാർ ബന്ധപ്പെട്ടതനുസരിച്ച് ഷിഷറീസ് വകുപ്പ് അധികൃതരും , വെറ്റിനറി സർജനും ഇവിടെയെത്തിയിരുന്നു.
ഫോട്ടോ അടിക്കുറിപ്പ് – പിറവത്ത് നീർനായ്ക്കളുടെ ആക്രമണത്തിൽ ചത്ത വളർത്തു മത്സ്യങ്ങൾ.