വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 73 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്
വയനാട് : വയനാട് നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 73 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്.ഇതില്‍ 33 പേരെ തിരിച്ചറിഞ്ഞു.
റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരൻ, കൗസല്യ, വാസു, അയിഷ, ആമിന, ജഗദീഷ്, അനസ്, അഫ്സിയ സക്കീർ, നഫീസ (60), ജമീല (65), ഭാസ്കരൻ (62), സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ കുട്ടികളാണ്.പരിക്കേറ്റ നൂറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിംസ് ആശുപത്രിയില്‍ 77 പേരും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത് സെന്ററില്‍ 27 പേരും ബത്തേരി താലൂക്ക് ആശുപത്രിയില്‍ 27 പേരും കല്പറ്റ സർക്കാർ ആശുപത്രിയില്‍ 12 പേരും ചികിത്സിയിലാണ്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേർ മണ്ണിനടിയിലാണ്. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവർക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്കുന്ന വിവരം.ചാലിയാറിലൂടെ നിലമ്ബൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈ ട്രീവാലി റിസോർട്ടില്‍ 100 ലേറെ പേർ കുടുങ്ങി കിടക്കുന്നു. ചൂരല്‍മലയില്‍ നിന്ന് 101 പേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാല്‍ എയർലിഫ്റ്റിങ് നടത്താനായിട്ടില്ല. ദുരന്തത്തില്‍ മുണ്ടക്കൈ ടൗണ്‍ പൂർണമായും ഇല്ലാതായി.