ഷഡ്കാല ഗോവിന്ദ പഞ്ചരത്നം അരങ്ങേറി
പിറവം : രാമമംഗലം ഷഡ്കാല ഗോവിന്ദ മാരാർ രചിച്ച അഞ്ച് സോപാന കൃതികൾ ഷഡ്കാല ഗോവിന്ദ പഞ്ചരത്നം എന്ന പേരിൽ കർണാടക സംഗീത ശൈലിയിൽ രംഗത്ത് അവതരിപ്പിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഷഡ്കാല ഗോവിന്ദ മാരാർ സ്മാരകലാസമിതി ഈ വർഷത്തെ പ്രൊഡക്ഷന്റെ ഭാഗമായി രാമമംഗലത്ത് സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് പഞ്ചരത്നം ചിട്ടപ്പെടുത്തിയത്. കാലടി ശിവകൃഷ്ണൻ സംഗീത നിർവഹണം നടത്തിയ കൃതികൾ നെച്ചൂർ ആർ രതീശന്റെ നേതൃത്വത്തിലാണ് ശിൽപ്പശാലയിൽ പരിശീലിപ്പിച്ചത്. നരസിംഹമൂർത്തിയെ സ്തുതിക്കുന്ന കേദാരഗൗള രാഗത്തിലുള്ള ക്ഷീരസാഗര വാസാര മാധവാ എന്ന കീർത്തനത്തോടെയാണ് പഞ്ചരത്നം ആരംഭിച്ചത്. തുടർന്ന് ആരഭിയിലുള്ള ബാലചന്ദ്ര വിഭൂഷിണിമാം എന്ന ഭഗവതി സ്തുതിയും, ആനന്ദഭൈരവിയിലുള്ള പാലയമാം പാർവ്വതീശ, ഭൂവാളത്തിലുള്ള തുങ്ക വിംഗ എന്നീ ശിവസ്തുതികളും, യദുകുല കാംബോജി രാഗത്തിലുള്ള ശ്രീകുരുമ്പേ എന്ന ഭഗവതി സ്തുതിയും അവതരിപ്പിച്ചു. നെച്ചൂർ ആർ രതീശൻ, കാലടി ശിവകൃഷ്ണൻ, എം.സജീവൻ, ഗിരിജാ മണി, രജിത പ്രശാന്ത് ശ്രീകുമാർ ആർ പിള്ള, മധു പരമേശ്വരൻ, രേണുക ദേവി, എ വിഷ്ണു എന്നിവരാണ് പഞ്ചരത്നം അവതരിപ്പിച്ചത്. ജയന്തി രാജീവ് (വയലിൻ), കോട്ടയം മനോജ് കുമാർ (മൃദംഗം) എന്നിവർ പക്കവാദ്യം ഒരുക്കി.