കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പാത്രിയർക്കീസ് ബാവായെ ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു
ബാംഗ്ലൂർ: സംസ്ഥാനത്തിൻ്റെ അതിഥിയായി എത്തിച്ചേർന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു.
സംസ്ഥാനം ക്രിസ്തീയ വിശ്വാസികൾക്ക് നൽകി കൊണ്ടിരിക്കുന്ന മത സ്വാതന്ത്ര്യത്തിനും ആരാധനാ സൗകര്യങ്ങൾക്കും കൈത്താങ്ങലുകൾക്കും ബാവ നന്ദി പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയിൽ ഭാരതത്തിൻ്റെ മുഖമുദ്രയായി വിശേഷിപ്പിക്കപ്പെടുന്ന മതനിരപേഷത ഈ ലോകത്തിനു തന്നെ മാതൃകയായി സംരക്ഷിക്കപ്പെടുവാൻ ഗവൺമെൻ്റ് എല്ലാവിധ പ്രവർത്തനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി പരിശുദ്ധ ബാവായ്ക്ക് ഉറപ്പു നൽകി. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ക്രിസ്തീയ സഭയുടെ പരമാദ്ധ്യക്ഷനെ സ്വീകരിക്കാൻ സാധിച്ചത് ഈ നാടിൻ്റെ അനുഗ്രഹമായി കാണുന്നുവെന്നും ആദ്യമായി കർണാടക സന്ദർശിക്കുന്ന ബാവായുടെ തുടർന്നുള്ള ഇന്ത്യൻ സന്ദർശനത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കർണാടക ഊർജ വകുപ്പ് മന്ത്രി കമാണ്ടർ കെ.ജെ ജോർജ്, കത്തോലിക്ക സഭയിലെ ബിഷപ്പ് പീറ്റർ മച്ചാഡോ, മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ദിയസ്ക്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, പരിശുദ്ധ ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി അഭിവന്ദ്യ മോർ ക്രിസ്റ്റോഫോറസ് മർക്കോസ് മെത്രാപ്പോലീത്ത, പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽക്കാസ് മെത്രാപ്പോലീത്ത തുടങ്ങിയവർ ബാവായോടൊപ്പം ഉണ്ടായിരുന്നു.
Get Outlook for Android