സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നലെ 292 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആക്ടീവ് കേസുകള്‍ 2041 ആയി. ഇന്നലെ രണ്ട് മരണം ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്നലെ 341 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 292 പേരും കേരളത്തിലാണ്. രാജ്യത്തെ കേസുകളില്‍ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവയില്‍ ചലച്ചിത്ര മേളയ്ക്കുശേഷമുള്ള പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്. ഉപവകഭേദമായ ജെഎന്‍1 ആണ് ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്. മഹാരാഷ്ട്രയിലും രോഗലക്ഷണമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്ബിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.