മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്.
മണീട് : മാലിന്യമുക്ത പഞ്ചായത്ത് നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി പൂര്‍ണമായും മാലിന്യമുക്തമാകാന്‍ ഒരുങ്ങി മണീട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിനെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ശുചിത്വ സമിതി, ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ മാലിന്യ ശേഖരണം തീവ്രമായി നടപ്പിലാക്കുകയാണ്.
വിപുലമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം കൈവരിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനോടൊപ്പം ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്ത് സംസ്‌കരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്വീടുകളില്‍ നിന്നും ഉപയോഗ രഹിതമായ ചെരിപ്പുകള്‍, തുണികള്‍, ബാഗുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച ഒമ്ബത് ടണ്‍ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്ബനിക്ക് കൈമാറി. കൂടാതെ പൊതുനിരത്തുകളില്‍ തള്ളിയിരിക്കുന്ന അജൈവമാലിന്യങ്ങള്‍ അവിടെനിന്ന് ശേഖരിക്കുകയും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിച്ച് തരംതിരിച്ച് ക്ലീന്‍ കേരള കമ്ബനിക്ക് കൈമാറും.
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ റോഡുകള്‍, നടപ്പാതകള്‍, ജലസ്രോതസ്സുകള്‍ തുടങ്ങിയവ ശുചീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ നിന്നും ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഈ മാസം 30ന് ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും ഈ വേസ്റ്റുകള്‍ ശേഖരിക്കും. നവംബര്‍ ആദ്യവാരത്തില്‍ വീടുകളില്‍ നിന്നും കിടക്കകള്‍, തലയണകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനുള്ള.പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ച്ച് മാസത്തിന് മുമ്ബ് മണീട് ഗ്രാമപഞ്ചായത്തിനെ പൂര്‍ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് പറഞ്ഞു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബറില്‍ ജനകീയ ഹരിത ഓഡിറ്റിലെ പോരായ്മകളും കൂടി വിലയിരുത്തിയാണ് പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ശുചീകരണത്തിന് ശേഷം പൊതു ഇടങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍, യുവാക്കളുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് എന്നിവ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.