ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കൊച്ചി : ഉച്ചകഴിയുന്നതോടെ മാനം കറുത്ത് ഇടിമിന്നലിനും കാറ്റിനുമൊപ്പമുള്ള മഴ… ഇതാണ് ഏതാനും ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ.ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 179.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ ലഭിക്കേണ്ടത്. ഇത്തവണ ഈ കാലയളവില്‍ 218.3 ശതമാനം മഴയാണ് ലഭ്യമായത്.
വരുംദിവസങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചു.
മറ്റ് പലസ്ഥലങ്ങളിലും ഒറ്റപ്പെട്ട മിതമായതും ഇടത്തരം രീതിയിലുള്ളതുമായ മഴയുമുണ്ടായി. പതിവുപോലെ ഒറ്റ മഴയില്‍തന്നെ വെള്ളം കയറുന്ന സ്ഥിതിയാണ് കൊച്ചി നഗരത്തിന്‍റെ വിവിധയിടങ്ങളിലുണ്ടായത്. തിങ്കളാഴ്ച ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്.കഴിഞ്ഞ ദിവസങ്ങളില്‍ എം.ജി റോഡ്, എറണാകുളം നോര്‍ത്ത്, സൗത്ത്, പുല്ലേപ്പടി അരങ്ങത്ത് റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. വേഗത്തില്‍ വെള്ളം കയറുന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡിന് പരിസരത്തുള്ള വ്യാപാരികളടക്കം മഴ കനക്കുമ്ബോള്‍ ഭീതിയിലാണ്. മഴയില്‍ വൈപ്പിൻ കുഴുപ്പിള്ളിയില്‍ കാര്‍ പാടശേഖരത്തിലേക്ക് മറിഞ്ഞു.
ഇടിമിന്നലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കേണ്ടതുണ്ട്. മിന്നലിന്‍റെ ആഘാതമുണ്ടായാല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്തേക്കാം. മിന്നലേറ്റയാള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിമിഷങ്ങളാണ്.