കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു
കൂത്താട്ടുകുളം : എറണാകുളം കൂത്താട്ടുകുളത്ത് ഓട നവീകരണത്തിന്‍റെ ഭാഗമായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകള്‍ നാല് ദിവസത്തിനുള്ളില്‍ പൊളിഞ്ഞു.അശ്വതി കവലയ്ക്ക് സമീപം നിര്‍മിച്ച സ്ലാബുകളാണ് തകര്‍ന്നത്. നിര്‍മാണത്തിലെ പിഴവും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടക്കുറവുമാണ് സ്ലാബുകള്‍ തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരേപണം.
കൂത്താട്ടുകുളം അശ്വതി കവല മുതല്‍ ഇടയാര്‍ കവല റോഡ് വരെ ഓടയ്ക്ക് മുകളില്‍ നിര്‍മിച്ച സ്ലാബുകളാണ് നാല് ദിവസത്തിനുള്ളില്‍ തകര്‍ന്ന് വീണത്. ഓട വൃത്തിയാക്കി വെള്ളിയാഴ്ചയാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിച്ചത്.
നിര്‍മാണത്തിലെ അപാകത, ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലായ്മ, അഴിമതി എന്നിങ്ങനെ ആരോപണങ്ങള്‍ ഒന്നിലേറെയുണ്ട്. ഈ ഭാഗത്ത് ഓട മൂടാത്തത് കാരണം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. കാല്‍നട യാത്രയും ഇതുവഴി ബുദ്ധിമുട്ടായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പൊതുമരാമത്ത് വകുപ്പ് സ്ലാബിടാനുള്ള ജോലികള്‍ തുടങ്ങിയത്.