ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ ഒരുക്കങ്ങളായി
പിറവം: ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ ഒരുക്കങ്ങളായി. 13 മുതല്‍ 15 വരെയാണ് കലോത്സവം.56 സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം കലാപ്രതിഭകള്‍ ഏഴു വേദികളിലായി 154 ഇനങ്ങളില്‍ മാറ്റുരയ്ക്കും.
13 ന് രാവിലെ ഒമ്ബതിന് സ്കൂള്‍ മാനേജര്‍ ഫാ. പൗലോസ് കിഴക്കനേടത്ത് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. അനൂപ് ജേക്കബ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും.
മൂവാറ്റുപുഴ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്മാൻ കെ.പി സലിം ഗ്രീൻ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തും. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.വര്‍ഗീസ് പണ്ടാരംകുടിയില്‍ മുഖ്യ സന്ദേശം നല്‍കും. 15 ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്മാൻ നഗരസഭ ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, പ്രധാനാധ്യാപകൻ ദാനിയേല്‍ തോമസ്, ലോക്കല്‍ മാനേജര്‍ ഫാ.പൗലോസ് കിഴക്കനേടത്ത് എന്നിവര്‍ അറിയിച്ചു.