അഴുക്കുചാലിൽ നിന്നും കോൺക്രീറ്റ് അവശിഷ്ടങ്ങൾ കോരിമാറ്റാൻ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും നഗരസഭ കൗൺസിലർ തടഞ്ഞു.
കൂത്താട്ടുകുളം : അഴുക്കുചാലിൽ നിന്നും കോൺക്രീറ്റ് അവശിഷ്ടങ്ങൾ കോരിമാറ്റാൻ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും കരാറുകാരനെയും നഗരസഭ കൗൺസിലർ തടഞ്ഞു.
കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ ഗുഡ് വിൽ ആശുപത്രിക്ക് സമീപം നിർമ്മാണം പുരോഗമിക്കുന്ന അഴുക്കുചാലിന്റെ സംരക്ഷണഭിത്തി തിങ്കളാഴ്ച രാവിലെ ഇടിഞ്ഞു വീണിരുന്നു.
ഇന്നലെ രാവിലെ അഴുക്കുചാലിനുള്ളിൽ തകർന്നു കിടന്നിരുന്ന കോൺക്രീറ്റ് ഭിത്തിയുടെ അവശേഷിക്കുന്ന ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് കോരി നീക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണ് കൗൺസിലർ സിബി കൊട്ടാരം സ്ഥലത്തെത്തി തടഞ്ഞത്.
നിർമ്മാണത്തിൽ ഇരിക്കുന്ന അഴുക്കുചാലിന്റെ ഭിത്തി തകരാനുള്ള കാരണം
കോൺക്രീറ്റിങ്ങിലെ അപാകതയാണെന്ന് കൗൺസിലർ ആരോപിച്ചു. ഇത്തരത്തിലുള്ള ഒരു ആക്ഷേപം നിലനിൽക്കുമ്പോൾ
ഇടിഞ്ഞുവീണ ഭാഗം പരിശോധനകൾ നടത്തിയതിനുശേഷം മാത്രം നീക്കം ചെയ്യാൻ അനുവദിക്കുകയുള്ളൂ എന്നായിരുന്നു കൗൺസിലറുടെ നിലപാട്.
പൊതു അവധി ദിവസം ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി പൊളിഞ്ഞുവീണ ഭാഗം കോരിനീക്കുന്നത് തെളിവ് നശിപ്പിക്കാൻ വേണ്ടി ആണെന്ന് കൗൺസിലർ പറഞ്ഞു.
കൂത്താട്ടുകുളം അശ്വതി ജംഗ്ഷൻ മുതൽ നങ്ങേലിപ്പടി വരെയുള്ള 120 മീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ഈ ഭാഗത്ത് അപകടകരമായ തുടരുന്ന അഴുക്കുചാൽ കോൺക്രീറ്റ് ചെയ്ത് മുകളിൽ സ്ലാബ് ഇടാനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
പഴയ അഴുക്കുചാൽ പൂർണമായി വൃത്തിയാക്കി അഴുക്കുചാലിന്റെ സൈഡ് വാൾ കോൺക്രീറ്റ് ചെയ്തു വരികയായിരുന്നു. കോൺക്രീറ്റിന് ശേഷം ഷട്ടർ നീക്കം ചെയ്ത ഭാഗമാണ് അഴുക്കുചാടിനുള്ളിലേക്ക്
ഇടിഞ്ഞു വീണിരിക്കുന്നത്. നിലവിൽ അഴുക്കുചാലിന്റെ 30 മീറ്ററോളം ഭാഗത്തെ നിർമ്മാണമാണ് പൂർത്തീകരിച്ചിരിക്കുന്നത്.
കോൺക്രീറ്റിനുള്ളിലെ സിമന്റിന്റെ കുറവാണ് ഇത്തരത്തിൽ സംരക്ഷണഭിത്തി ഇടിയാനുള്ള കാരണം എന്ന് കൗൺസിലർ സിബി കൊട്ടാരം പറഞ്ഞു.
നിർമ്മാണത്തിനു മുൻപ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന മിശ്രിതങ്ങൾ പരിശോധിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നിലവിൽ നടന്നിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതിയുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കൗൺസിലർ മന്ത്രിക്ക് പരാതി നൽകി. ഇതോടൊപ്പം സംഭവം വിജിലൻസ് അന്വേഷണം എന്നാണ് കൗൺസിലറുടെ ആവശ്യം. അപകട സമയത്ത് അഴുക്കുചാലിനുള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ
ജീവൻ തന്നെ നഷ്ടപ്പെടും ആയിരുന്നു എന്നും.
എന്നാൽ നിർമ്മാണത്തിൽ ക്രമക്കേടുകൾ
സംഭവിച്ചിട്ടില്ല എന്നും കൃത്യമായ അളവിൽ തന്നെയാണ് മിശ്രിതങ്ങൾ കോൺക്രീറ്റിനായി ഉപയോഗിച്ചിരിക്കുന്നത് എന്നും
കോൺക്രീറ്റ് ചെയ്ത ഭാഗത്ത് ഏതോ വാഹനമിടിച്ചതാണ് ഭിത്തി പൊളിഞ്ഞു വീഴാനുള്ള കാരണമായിട്ടുള്ളതെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും കരാറുകാരനും പറഞ്ഞു.
ഫോട്ടോ : കൂത്താട്ടുകുളം നടക്കാവ് ഹൈവേയിൽ നിർമ്മാണത്തിനിടെ പൊളിഞ്ഞുവീണ അഴുക്കുചാലിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കോരാൻ എത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ നഗരസഭ കൗൺസിലർ സിബി കൊട്ടാരം തടയുന്നു.